ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു. ലോകസാമ്പത്തിക മേഖലയ്ക്ക് തന്നെ വെല്ലുവിളിയാണ് ഈ സംഘർഷം.
ഇന്ത്യയുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങളിലെ സംഘർഷം അപ്രതീക്ഷിത വെല്ലുവിളിയാണ് ഉണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ വിവിധ രാഷ്ട്രത്തലവൻമാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ആ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും വിനോദസഞ്ചാരികൾക്കും സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ്.
സംഘർഷത്തിന്റെ സാഹചര്യത്തിൽ ദേശത്തും വിദേശത്തുമുള്ള പൗരൻമാരുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണന. മൂന്നാഴ്ചയായി യുദ്ധം തുടരുകയാണ്. ലോക സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നുണ്ട്. യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്.
ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലിൽ വലിയൊരു ഭാഗം ഈ മേഖലയിൽ നിന്നാണ്. ഒരു കോടി ഇന്ത്യക്കാർ ഈ മേഖലയിലുണ്ട്. കപ്പലുകളിലും നിരവധി ഇന്ത്യൻ പൗരൻമാരുണ്ട്. ഇന്ത്യൻ എംബസികൾ അവിടെയുള്ള പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നുണ്ട്.
ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം അതുവഴിയുള്ള ചരക്കു നീക്കം പ്രതിസന്ധിയിലാണ്. 60 ശതമാനം പെട്രോളിയവും ഇറക്കുമതി ചെയ്യുന്നതാണ്. എൽപിജിയുടെ ക്ഷാമം കാരണം രാജ്യത്ത് എൽപിജി ഗാർഹികാവശ്യത്തിന് മാത്രമാണ് നൽകുന്നത്.
ഇന്ത്യയിലെ എൽപിജി ഉദ്പാദനവും വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് പെട്രോളിയം റിസർവും ഉണ്ട്. മറ്റ് രാജ്യങ്ങളിലെ എണ്ണ ഉത്പാദകരുമായും ബന്ധപ്പെടുന്നുണ്ട്. ഊർജ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്. 41 രാജ്യങ്ങളിൽനിന്ന് ഊർജം ഇറക്കുമതി ചെയ്യുന്നുണ്ട്.
പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പുവരുത്താൻ ഇന്ത്യ നയതന്ത്ര മാർഗങ്ങളിലൂടെ ശ്രമിച്ചു. എന്നാൽ വാണിജ്യ കപ്പലുകൾക്കു നേരെയുള്ള ആക്രമണവും ഹോർമുസിലൂടെയുള്ള ഗതാഗതം തടസപ്പെടുന്നതും അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.